ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
വികസനത്തിന്റെ അലയൊലികള് ഇവിടേക്കെത്തിയത്, വളരെ മന്ദഗതിയിലായിരുന്നതുകൊണ്ടാകാം സംഘടിതമായ സാംസ്കാരിക മുന്നേറ്റം താരതമ്യേന വൈകി നടന്ന പഞ്ചായത്താണിത്. വിദേശവാഴ്ചയ്ക്കെതിരെ ഇവിടെ നിന്നുണ്ടായ പ്രതിഷേധസ്വരങ്ങള് അതീവദുര്ബലമായിരുന്നു. എങ്കിലും വിവിധ തൊഴിലുകളില് ഏര്പ്പെട്ടിരുന്ന, വിവിധ സമുദായക്കാരായ ജനങ്ങള്, ഗ്രാമീണസംസ്കൃതിയില് ഏറെക്കുറെ സ്വയംപര്യാപ്തമായ ഒരു കൂട്ടായ്മ ഇവിടെ വളര്ത്തിയെടുത്തിരുന്നുവെന്ന് പറയാം. മലകളും, കാടുകളും, വന്യജീവികളും നിറഞ്ഞതായിരുന്നു പണ്ടുകാലത്ത് ഈ ഭൂപ്രദേശം. ജനസംഖ്യയിലുണ്ടായ വര്ദ്ധനവ്, പുതിയ കൃഷിയിടങ്ങള് കണ്ടെത്താന് നിര്ബന്ധിതമാക്കുകയും തല്ഫലമായി കാടുകളും മലകളും കൃഷിയിടങ്ങളായി മാറ്റപ്പെടുകയും ചെയ്തു. പഴയ ജന്മി-കുടിയാന് ബന്ധത്തില് അധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥയായിരുന്നു പഴയ കാലത്ത് നിലവിലുണ്ടായിരുന്നത്. നാട്ടാചാരങ്ങളും വര്ണ്ണവിദ്വേഷവും കൂടപ്പിറപ്പായിരുന്ന ചില ആഢ്യകുടുംബങ്ങളുടെ ആജ്ഞാനുവര്ത്തികളായി കഴിയേണ്ട ഗതികേട്, അന്നത്തെ സാധാരണക്കാരായ കീഴാളര് അനുഭവിക്കേണ്ടിവന്നിരുന്നു. ജാതിസമ്പ്രദായമായിരുന്നു താഴേക്കിടയിലുള്ള ജനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം. ഭൂപരിഷ്ക്കരണം നിലവില് വന്നതോടെ, കൃഷിഭൂമി കര്ഷകന് എന്ന അവസ്ഥ സംജാതമാകുകയും, അത് ഈ പ്രദേശത്തെയും ജനങ്ങളുടെ സാമൂഹികോന്നമനത്തിന് വഴിയൊരുക്കുകയും ചെയ്തു. അക്കാലത്തെ ജനങ്ങളുടെ തൊഴില്മേഖല, അടിമ-ഉടമ ബന്ധത്തില് അധിഷ്ഠിതമായിരുന്നു. എന്നിരുന്നാല് തന്നെ മണ്ണും മനുഷ്യനും എന്ന വൈകാരികമായ ഒരു കൂട്ടായ്മ, അന്ന് നിലവിലുണ്ടായിരുന്നു. വിളവിറക്കുമ്പോഴും വിളവെടുക്കുമ്പോഴും ഒരുത്സവത്തിന്റെ പ്രതീതിയായിരുന്നു. പുത്തരിസദ്യ കാര്ഷികസംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഭൂപരിഷ്ക്കരണനിയമം വന്നതിനെത്തുടര്ന്ന് സമൂഹത്തിലെ ജന്മി-കുടിയാന് ബന്ധം ഇല്ലാതായി. കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായതോടെ കാര്ഷികരംഗത്തും, വിദ്യാഭ്യാസരംഗത്തും, ആരോഗ്യരംഗത്തും വളരെയേറെ മാറ്റങ്ങള് വന്നുതുടങ്ങി. പാരമ്പര്യ തൊഴിലുകളില് ഏര്പ്പെടുന്ന ഒരു വിഭാഗം ജനങ്ങള് ഇന്നും ഈ പ്രദേശത്തു ജീവിക്കുന്നുണ്ട്. പായനെയ്ത്ത്, കുട്ട-വട്ടി നിര്മ്മാണം, കയര്പിരിക്കല് മുതലായവയാണ് പ്രസ്തുത പാരമ്പര്യതൊഴിലുകള്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്, തീരെ ദുര്ബ്ബലമായിരുന്ന ഒരു പഞ്ചായത്താണിത്. പാരമ്പര്യചികിത്സകളെ മാത്രം ആശ്രയിച്ചിരുന്ന, ഒരു ആരോഗ്യ പരിപാലനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നരിക്കുനിയിലെ സാമൂഹ്യപ്രവര്ത്തകരുടെ പരിശ്രമഫലമായാണ് ആധുനിക ചികിത്സാസൌകര്യങ്ങള് ഇവിടെ ലഭ്യമാകാന് തുടങ്ങിയത്. 1963-ല് സ്ഥാപിതമായ പ്രാഥമികാരോഗ്യകേന്ദ്രമാണ് ഈ രംഗത്ത് ഇവിടെ ഉണ്ടായ ആദ്യസ്ഥാപനം. 1969-ലാണ് ആദ്യമായി നരിക്കുനിയിലേക്ക് ബസ്സ് സര്വ്വീസ് ആരംഭിച്ചത്.
വിദ്യാഭ്യാസചരിത്രം
ഇവിടുത്തെ സാംസ്കാരിക മുന്നേറ്റത്തില് വിദ്യാഭ്യാസത്തിന് ഗണ്യമായ പങ്കുണ്ട്. ഇന്നത്തെ പാറന്നൂര് ഗവ.എം.എല്.പി.സ്കൂളാണ്, ഔപചാരിക വിദ്യാഭ്യാസരംഗത്ത് ഹരിശ്രീ കുറിച്ചുകൊണ്ട് നിലവില് വന്ന, ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം. 1911 മുതലുള്ള ഇതിന്റെ പ്രവര്ത്തനരേഖകള് ലഭ്യമാണ്. കേരളപ്പിറവിക്കു മുമ്പുള്ള മലബാര് ഡിസ്ട്രിക്റ്റ് ബോര്ഡിനെയായിരുന്നു, അക്കാലത്തെ വിദ്യാലയങ്ങളുടെ സംരക്ഷണവും മേല്നോട്ടവും ഏല്പ്പിച്ചിരുന്നത്. അതിനുമുമ്പ്, മദിരാശി സംസ്ഥാനത്തില് മലബാര് താലൂക്ക് ബോര്ഡ് എന്ന ഏജന്സി ഉണ്ടായിരുന്നതായി അറിയുന്നു. വിദ്യാഭ്യാസതല്പരരായ ആളുകളെ കണ്ടെത്തി, അവര്ക്ക് സ്കൂളുകള് അനുവദിക്കുകയായിരുന്നു അക്കാലത്ത് പതിവ്. ഓത്തുപള്ളിയിലോ, ഗുരുകുലത്തിലോ ഉള്ള പരിചയ സമ്പത്തായിരുന്നു അവരുടെ യോഗ്യത. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് പഞ്ചായത്തില് അങ്ങിങ്ങായുണ്ടായിരുന്ന എഴുത്തുപള്ളികള് സൃഷ്ടിച്ചെടുത്ത സാക്ഷരത, ഇവിടുത്തെ സാംസ്കാരിക പുരോഗതിയുടെ അടിസ്ഥാനശിലയായി മാറി. അറിവുനേടിയ പലരും വിദ്യാഭ്യാസപ്രവര്ത്തനങ്ങള്ക്കും, വായനാസംസ്കാരത്തിനും തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെയാണ്, മുകളില് സൂചിപ്പിച്ച, ആദ്യവിദ്യാലയമായ പാറന്നൂര് ഗവ.മാപ്പിള ലോവര് പ്രൈമറി സ്ക്കൂളിന്റെ തുടക്കം. തുടര്ന്ന് 1916-ല് നരിക്കുനി എ.യു.പി.സ്കൂളും, 1917-ല് പുന്നശ്ശേരി എ.യു.പി.സ്കൂളും സ്ഥാപിതമായി. നിസ്കാരപ്പള്ളി അഥവാ സ്രാമ്പ്യകകളോട് അനുബന്ധിച്ചുണ്ടായിരുന്ന മത പഠനക്ളാസുകളില് മലയാളവും കണക്കും പഠിപ്പിച്ചിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഏതെങ്കിലും തൊഴില് സംഘടനയുടെയോ കര്ഷക സംഘടനയുടെയോ പ്രമേയത്തിന്റെ അടിസ്ഥാനത്തില്, ഏകാധ്യാപക വിദ്യാലയങ്ങളും അനുവദിച്ചതായി രേഖകളുണ്ട്. പഴയകാലത്തെ ചില എഴുത്തുപള്ളിക്കൂടങ്ങളാണ് ഇന്നത്തെ സ്കൂളുകളായി മാറിയത്. എഴുത്തുപള്ളിക്കൂടങ്ങളുടെ കാലത്തുണ്ടായിരുന്ന അയിത്താചരണം, മേല്പ്പറഞ്ഞ സ്കൂളുകളുടെ ആവിര്ഭാവത്തോടെ അപ്രത്യക്ഷമായിത്തുടങ്ങി. പിന്നോക്കവിഭാഗക്കാര്ക്കും വിദ്യാഭ്യാസരംഗത്തേക്ക് ധൈര്യമായി കടന്നുവരാമെന്ന സ്ഥിതി വന്നു. പരിമിതമായ പ്രഭാതഭക്ഷണത്തിന്റെ മാത്രം ഊറ്റത്തില്, പത്തുപതിനഞ്ചു നാഴിക വരുന്ന ദുര്ഗമങ്ങളായ വഴിത്താരകള് കാല്നടയായി താണ്ടി, നന്മണ്ട, പയിമ്പ്ര എന്നിവിടങ്ങളിലെ ഹൈസ്കൂളുകളെ ആശ്രയിച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.
സാംസ്കാരികചരിത്രം
വിദ്യാഭ്യാസരംഗത്തെ പോലെ, സംസ്കാരത്തെ പോഷിപ്പിക്കുന്നതില് കലാരംഗവും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. അനുഷ്ഠാനകലകളായ തിറ, തെയ്യം മുതലായവ ഇന്നും ഇവിടെ നിലനിന്നുപോരുന്നു. നാഗപ്പാട്ട് ഉത്സവം ഇന്ന് അന്യമായിരിക്കുകയാണ്. അങ്ങാടിയുടെ പടിഞ്ഞാറുഭാഗത്തുള്ള പള്ളിയറക്കാവ് പല ക്ഷേത്രകലകളുടെയും കേന്ദ്രമായിരുന്നു. ഇവിടുത്തെ തിക്കിരി എന്ന ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങ്, ഈ പ്രദേശത്തിന്റെ തനതു സവിശേഷതയാണ്. ഇതുപോലെ തന്നെ വരിങ്ങിലോറ മലയുടെ മുകള്ത്തട്ടിലുള്ള കരിമ്പാലസമുദായത്തിന്റെ തിറയുത്സവവും, കൊടോളിയിടത്തിലെ തിറയുത്സവവും പല സവിശേഷതകളും നിറഞ്ഞവയാണ്. ഓരോ സമുദായത്തിന്റെയും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള, തിറ, തെയ്യാട്ട് പോലെയുള്ള അനുഷ്ഠാനകലകളും, കോലം, തുള്ളല്, തുടി, മുട്ട്, മുടിയാട്ടം, വട്ടക്കളി, വെള്ളാട്ട് മുതലായ മറ്റു നാടന്കലാരൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. ജാതിമതഭേദചിന്തകള്ക്കിടയിലും, ഏകത്വത്തിന്റെ അന്തരീക്ഷം എക്കാലവും ഇവിടെയുണ്ടായിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. പഞ്ചായത്തിലെ വടേക്കണ്ടിയിലും വരിങ്ങലോറ മലയിലും കണ്ടെത്തിയ ഗുഹകളും, അവിടെനിന്ന് ലഭിച്ചിട്ടുള്ള വസ്തുക്കളും, ഇവിടെ ഏതോ കാലത്തുണ്ടായിരുന്ന, പൌരാണികമായൊരു സംസ്കൃതിയുടെ സൂചനകളാണ്. 1957-ല് സ്ഥാപിതമായ ദേശീയവായനശാലയാണ് പഞ്ചായത്തിലെ ആദ്യത്തെ സാംസ്ക്കാരികസ്ഥാപനം. അഗ്രം വളഞ്ഞ മുളംകോലുകള് ഉപയോഗിച്ച്, “കാര” എന്ന പന്തടിച്ചു മത്സരിക്കുന്ന, ഒരു പഴയ തലമുറ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഹോക്കിയുടെ പ്രാകൃതരൂപമായ ഈ കളിയില്, കായികബലത്തിനായിരുന്നു മുന്തൂക്കം. മകരകൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്, “പന്ത് വെട്ടിക്കളി” നിലവിലുണ്ടായിരുന്നു. ജാതീയവും മതപരവുമായ സ്പര്ദ്ധകളോ, പ്രശ്നങ്ങളോ കൂടാതെ തികച്ചും സൌഹാര്ദ്ദത്തോടെ ജീവിക്കുന്നവരാണ് ഈ ഗ്രാമവാസികള്. 1957-ല് സ്ഥാപിച്ച ദേശീയ വായനശാലയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സാംസ്കാരിക സ്ഥാപനം.