ഒറ്റനോട്ടത്തില്‍

നരിക്കുനി ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, ചേളന്നൂര്‍ ബ്ളോക്കിലാണ് നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നരിക്കുനി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിനു 17.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ഉണ്ണികുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തുകളും, തെക്കുഭാഗത്ത് മടവൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മടവൂര്‍, കാക്കൂര്‍ പഞ്ചായത്തുകളുമാണ്. 1964 ജനുവരി മാസം ഒന്നിനാണ് നരിക്കുനി പഞ്ചായത്തു ബോര്‍ഡ് നിലവില്‍ വന്നത്. സി.പി.അവറാന്‍ മാസ്റ്ററായിരുന്നു ആദ്യപ്രസിഡന്റ്. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കിട്ടിയതിനാല്‍ ഇദ്ദേഹത്തിന്റെ ഭരണകാലാവധി 16 വര്‍ഷം വരെ തുടര്‍ന്നു. 1956-ല്‍ കോഴിക്കോട് താലൂക്കിലെ പാറന്നൂര്‍, നെടിയനാട്, പന്നിക്കോട്ടൂര്‍ എന്നീ മൂന്നു അംശങ്ങള്‍ ചേര്‍ന്ന് നരിക്കുനി വില്ലേജു രൂപപ്പെടുകയും, പ്രസ്തുത വില്ലേജ്, പില്‍ക്കാലത്ത് നരിക്കുനി പഞ്ചായത്തായി മാറുകയും ചെയ്തു. മലകളും, കാടുകളും, വന്യജീവികളും നിറഞ്ഞു നിന്നിരുന്ന ഈ പ്രദേശത്ത് കൃഷിഭൂമി നാമമാത്രമായേ ഉണ്ടായിരുന്നുള്ളൂ. കുന്നിന്‍പുറങ്ങളും ചെരിവു പ്രദേശങ്ങളും സമതലങ്ങളും ഇടകലര്‍ന്നുള്ള ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. ചുവന്ന മണ്ണ്, ചരല്‍ മണ്ണ്, മണല്‍ മണ്ണ്, ചെളിമണ്ണ്, പാറപ്പൂഴി, വെട്ടുകല്‍ മണ്ണ് എന്നിവയാണ് പഞ്ചായത്തില്‍ കണ്ടുവരുന്ന മണ്ണിനങ്ങള്‍.